ആസാദി കാ അമൃത് മഹോത്സവത്തോടും കേരള നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്ഷികത്തോടും അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ലോക പുസ്തകോത്സവം- അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം. കേരള നിയമസഭയുടെ ലൈബ്രറിയെ സംബന്ധിച്ചിടത്തോളം നൂറ് വര്‍ഷത്തിലധികം പഴക്കമുള്ളതും പണ്ട് രാജാക്കന്മാര് ഉപയോഗിച്ചിരുന്ന വലിയ ശേഖരങ്ങളുള്ള, അപൂര്‍വങ്ങളായ പുസ്തകങ്ങളുള്ള ലൈബ്രറി ഇവിടെ സംഘടിപ്പിച്ചിരുന്നു. ആയത് കേരളസംസ്ഥാനം രൂപീകരിച്ചതിനു ശേഷം കേരള നിയമസഭയുടെ ലൈബ്രറിയായി ഉപയോഗിക്കുകയാണ്. ഏതായാലും ഈ ലൈബ്രറി പൊതുജനങ്ങള്‍ക്കായി നവംബര്‍ ഒന്നാം തീയതി മുതല്‍ തുറന്നുകൊടുക്കുകയാണ്. കൂടാതെ ലോകപുസ്തകോത്സവം സംഘടിപ്പിക്കുന്നത് ജനുവരി 9-ാം തീയതി മുതല്‍ ജനുവരി 15-ാം തീയതി വരെയാണ്. ലോകപുസ്തകോത്സവം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭയ്ക്കകത്ത്, നിയമസഭയ്ക്ക് ചുറ്റുമായി നൂറ്റിയമ്പതോളം സ്റ്റാളുകള്‍ സ്ഥാപിക്കുകയും കേരളത്തിലേയും മറ്റു സംസ്ഥാനങ്ങളിലേയും ഇതരരാജ്യങ്ങളിലേയും അന്താരാഷ്ട്ര പുസ്തകോത്സവങ്ങളുടെ, മേളകളുടെ ഭാഗമായി നിരവധി പുസ്തകങ്ങള്‍ ശേഖരിക്കുകയും നൂറില്‍പരം പ്രസാധകര് ഇതില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഇതിനകംതന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയും ധാരാളം പേര് പങ്കെടുക്കുന്നതിനും ധാരാളം പേര് ഈ പരിപാടിയുമായി സഹകരിക്കുന്നതിനും വേണ്ട മുന്നൊരുക്കങ്ങള്‍ ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കേരള സര്‍ക്കാരിന്റെ ലഹരിവിരുദ്ധ സമരത്തിന്റെ ഭാഗമായി "വായനയാണ് ലഹരി” എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി വിദ്യാര്‍ത്ഥികളെ കൂടുതലായി സംഘടിപ്പിച്ചുകൊണ്ട് ഈ പരിപാടിയുടെ വിവിധഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ സെമിനാറുകള്‍, ചര്‍ച്ചകള്‍, പുസ്തകനിരൂപണം, പുസ്തക പ്രസാധനം തുടങ്ങി ഒട്ടേറെ പരിപാടികള്‍ ഇതിന്റെ ഭാഗമായി വരുന്നുണ്ട്. പ്രശസ്തരായ പല എഴുത്തുകാരേയും സംഘടിപ്പിക്കുകയും നിയമസഭയ്ക്കകത്ത് കൊണ്ടുവന്ന് അവരെ ആദരിക്കുകയും അവാര്‍ഡുകള്‍ നല്‍കുകയും കൂടാതെ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളുടെ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ പല എഴുത്തുകാരും ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 28-ാം തീയതി മുതല്‍ 3-ാം തീയതി വരെ രണ്ട് വേദികളിലായി ഒട്ടേറെ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പാക്കേജ് ഇവിടെ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരിപാടിയുമായി സഹകരിക്കുമ്പോള്‍ അവര്‍ക്ക് നിയമസഭ കാണുന്നതിനും നിയമസഭയ്ക്കകത്തെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനും ഒരു പാക്കേജ് സ്കീം നടപ്പിലാക്കുന്നുണ്ട്. അവര്‍ക്ക് പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നതിനും സാധിക്കുന്നതാണ്. കൂടാതെ അവര്‍ക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിന് കുട്ടികള്‍ക്ക് കൂപ്പണ്‍ സൗജന്യമായി നല്‍കുന്നതും ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. ഒട്ടേറെ സംഘടനകള്‍ ഇതുമായി സഹകരിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. അപ്രകാരം നടക്കുകയാണെങ്കില്‍ ഏതാണ്ട് അമ്പത് ലക്ഷത്തില്‍പരം രൂപയുടെ വിലയുള്ള പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് സൗജന്യമായി നല്കാന് കഴിയും. അതുവഴി വായനയാണ് ലഹരി എന്ന ഒരു സന്ദേശം കുട്ടികള്‍ക്ക് നല്കാന് കഴിയും. ഈ പുസ്തകോത്സവത്തിന്റെ മറ്റൊരു പ്രത്യേകത, ഇവിടെ പങ്കെടുക്കുന്ന പ്രസാധകര്‍ക്ക് പരമാവധി പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട് എന്നുള്ളതാണ്. നിയമസഭാസമാജികരുടെ സഞ്ചിതനിധിയില്‍ നിന്നും വികസനഫണ്ടില്‍ നിന്നും അല്ലെങ്കില്‍ അവര്‍ക്കുള്ള ലൈബ്രറി അലവന്‍സില്‍ നിന്നും ഒരു നിശ്ചിതതുക മാറ്റിവച്ച് ഈ പുസ്തകം വാങ്ങുന്നതിന് സജ്ജീകരിച്ചിട്ടുണ്ട്. വലിയ ഒരു ഡിസ്കൗണ്ടാണ് പല പ്രസാധകരും വാഗ്ദാനം ചെയ്തിട്ടുള്ളത്. അങ്ങനെ വന്നാല്‍ ഈ മേള വളരെ നല്ല രീതിയില്‍ സംഘടിപ്പിക്കാന്‍ കഴിയും. ആളുകള്‍ക്ക് കൂടുതല്‍ പുസ്തകങ്ങള്‍ വില കുറഞ്ഞ രീതിയില്‍ വാങ്ങാന്‍ കഴിയും. വെറുമൊരു പുസ്തകോത്സവം മാത്രമായിട്ടല്ല ഇതിനെ കാണുന്നത്, ലാഭേച്ഛ കൂടാതെയുള്ള ഒരു പരിപാടി എന്ന നിലയ്ക്ക് കൂടിയാണ് ഇതിനെ കാണേണ്ടത്. സാഹിത്യമത്സരങ്ങളും സാഹിത്യ ഉത്സവങ്ങളും കൂടി ഇതിന്റെ ഭാഗമായി വരുന്നുണ്ട്. നിയമസഭയാകെ വൈദ്യുതദീപങ്ങള്‍ കൊണ്ട് വളരെ കമനീയമായി, എല്ലാം അലങ്കരിച്ചുകൊണ്ട് വളരെ മനോഹരമായ ഒരു പരിപാടി നടത്താനാണ് ആഗ്രഹിക്കുന്നത്. ഈ പരിപാടിയില്‍ എല്ലാ ദിവസവും രാവിലെ പത്തുമണി മുതല്‍ വൈകീട്ട് എട്ടുമണി വരെ വിവിധകലാപരിപാടികളോടു കൂടി ഈ മേള ഒരുങ്ങുകയാണ്. എല്ലാവരും ഇതില്‍ പങ്കെടുത്ത് സഹകരിച്ച്, ഈ പരിപാടി വിജയിപ്പിച്ച്, പുസ്തകങ്ങള്‍ വാങ്ങി ഈ പദ്ധതി വന്‍വിജയമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നന്ദി, നമസ്കാരം.